വനിതാ വിമോചനം ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-6 )

കെ ജി ജ്യോതിര്‍ഘോഷ്
Thu, 28-01-2021 01:16:40 PM ;

എനിക്ക് എഴുതാതിരിക്കാനും പറ്റുന്നില്ല.എന്നാല്‍ എന്റെ സുഹൃത്തിന് വിഷമം വരികയും ചെയ്യരുത്. ഫിക്ഷന്റെ സാധ്യതയോര്‍ത്തുപോയി. സുഹൃത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ സ്വാതന്ത്ര്യത്തോടെ എഴുതാന്‍ പറ്റുന്നില്ലെന്നുള്ളത്. പെട്ടെന്നാണ് ആലോചിച്ചത്, ഇത് ഞാന്‍ എന്റെ സുഹൃത്തിനെ കുറിച്ച് എഴുതുന്നതല്ല. ഞാന്‍ എന്നെ പ്രകടമാക്കുക മാത്രമാണ് ചെയ്യുന്നത്. എന്റെ മനസ്സിന്റെ ഭൂപ്രകൃതിയില്‍ സുഹൃത്തിന്റെ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍. ആ ചലനങ്ങളെ എന്റെ ശേഷിക്കനുസരിച്ച് നോക്കിയെടുത്ത് അവതരിപ്പിക്കുന്നു. അതിനാല്‍ അത് ഒരിക്കലും സുഹൃത്തിനെക്കുറിച്ചുള്ളതാകുന്നില്ല. ഈ ഭൂമിയില്‍ ഓരോ വ്യക്തിയും വ്യത്യസ്തമായാണ് ലോകത്തെ അനുഭവിക്കുന്നതും കാണുന്നതും. അതിനാല്‍ ഞാന്‍ കാണുന്ന, അനുഭവിക്കുന്ന ലോകത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അത് ഒരു കാരണവശാലും എന്റെ സുഹൃത്തിനെക്കുറിച്ചല്ല. മറിച്ച് എന്റെ സുഹൃത്ത് കാണുന്ന ലോകത്തെ കുറിച്ച് എന്റെ ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതികരണമാണ്. ഇക്കാര്യം ഞാന്‍ സുഹൃത്തുമായി പങ്കുവച്ചു. ഒരു കാരണവശാലും ഞാന്‍ അവരെ വിലയിരുത്തുന്നതായോ പുകഴ്ത്തുന്നതായോ ഇകഴ്ത്തുന്നതായോ തോന്നരുതെന്ന്.

എന്നാല്‍ എന്റെ സുഹൃത്ത് എന്നെ ഞെട്ടിച്ചു. 'താങ്കള്‍ എഴുതുമ്പോള്‍ സ്വതന്ത്രമായി എഴുതണം. എലിസെന്‍ ഞാന്‍ വായിച്ചു തുടങ്ങി. അതില്‍ താങ്കള്‍ താങ്കളെപ്പെറ്റിയല്ലെ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ എനിക്ക് വായിച്ചാല്‍ വിഷമമുണ്ടാകുന്നത് എഴുതുന്നതില്‍ വന്നേക്കാം. എന്തായാലും താങ്കള്‍ എന്നോട് സ്നേഹമില്ലാതെ എഴുതില്ലല്ലോ. എനിക്ക് എന്തെങ്കിലും വിഷമം തോന്നുന്ന ഭാഗമുണ്ടെങ്കിലും അതിന്റെ പിന്നില്‍ എനിക്ക് താങ്കളുടെ സ്നേഹം കാണാന്‍ കഴിഞ്ഞാല്‍ പിന്നെന്താ പ്രശ്നം. ദയവുചെയ്ത് താങ്കള്‍ സ്വയം നിയന്ത്രിച്ചുകൊണ്ട് എഴുതരുത്. അതെനിക്ക് അനുഭവപ്പെട്ടാല്‍ അതെന്നെ വല്ലാതെ വിഷമിപ്പിക്കും'. ഈ പ്രതികരണം കേട്ട് ഞാന്‍ ഏറെ നേരം സ്തബ്ദനായിപ്പോയി. എന്റെ ഏതോ ഇരുണ്ട മൂലകളിലേക്ക് വെളിച്ചത്തിന്റെ രശ്മി മന്ദസ്മിതം പോലെ പ്രവേശിക്കുന്നതനുഭവപ്പെട്ടു. മുപ്പത്തിയഞ്ചോളം വര്‍ഷം മുന്‍പ് തുടക്കം കുറിക്കുകയും കഴിഞ്ഞ പതിനെട്ടു കൊല്ലമായുള്ള ആസ്വാദനപ്രദമെങ്കിലും പരിശ്രമത്തിന്റെ ഭാഗമായാണ് എനിക്ക് എന്റെ ലോകത്തൈ കുറച്ചെങ്കിലും കാണാന്‍ കഴിയുന്നത്.അതില്‍ നിന്നാണ് ഇന്ന് ഞാനനുഭവിക്കുന്ന സുഖവും. എന്നാല്‍ സുഹൃത്തിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഡോ.ലക്ഷ്മികുമാരിയുടെ വാക്കുകള്‍ വീണ്ടും എന്റെയുള്ളില്‍ മുഴങ്ങി. കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷയാണ് മുന്‍ ഡി.ആര്‍.ഡി.എ ശാസ്ത്രജ്ഞയായ ലക്ഷ്മികുമാരി. അവര്‍ ഒരിക്കല്‍ പറയുകയുണ്ടായി, എട്ടു ഘട്ടങ്ങള്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഒരാണിന് ഒരു സാധാരണ പെണ്ണിന്റെ അവസ്ഥയിലെത്താന്‍ കഴിയുകയുള്ളു. അതും ഒരാണ് ശ്രമിക്കുന്ന പക്ഷം.

ശ്ശൊ, എവിടെയോ ഞാനെന്റെ സുഹൃത്തിനെ സഹായിക്കുന്നുവെന്നു പോലും എനിക്ക് തോന്നിയിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ എന്നെ സഹായിക്കുകയും എനിക്ക് തരികയും ചെയ്യുകയാണ്. സുഹൃത്തിന് എന്നോട് തോന്നിയ സ്നേഹമാണ് ഈ കുറിപ്പുകള്‍ ഇങ്ങനെ എഴുതാന്‍ കാരണം തന്നെ. അതിനവര്‍ അവര്‍ക്കിഷ്ടമില്ലാത്ത വ്യക്തിയുടെ സ്വരപ്പകര്‍ച്ച ബോബിയച്ചനുണ്ടായിട്ടു പോലും എന്റെ പുസ്തകപ്രകാശനച്ചടങ്ങ് കാണാന്‍ തയ്യാറായി. സ്നേഹത്തിന്റെ പേരില്‍ വിഷമകരമായതും അല്ലെങ്കില്‍ വേദനയുള്ളവാക്കുന്നത് അവര്‍ സഹിക്കാന്‍ തയ്യാറായി. പിന്നില്‍ സ്നേഹമായിരുന്നതിനാല്‍ അവരുടെ സ്നേഹത്തോടുളള നടപടി കൂടുതല്‍ സ്നേഹാനുഭവം ആസ്വദിക്കുന്നതിലേക്ക് അവരെ എത്തിച്ചു. അതുകൊണ്ടാണ് ബോബിയച്ചനെ കാണണമെന്ന തോന്നല്‍ അവരിലുണ്ടായത്. ബോബിയച്ചന്റെ ഭാവത്തില്‍ തന്റെ അമ്മയുടെ സാന്നിദ്ധ്യത്തെ അറിഞ്ഞതും. എന്തിനെയും , ഏതു വിഷമകരമായ സാഹചര്യത്തെയും പരിഭവമില്ലെന്നു മാത്രമല്ല, പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്ന സുഹൃത്തിന്റെ അമ്മയെത്തന്നെയാണ് ആ വാചകങ്ങളിലൂടെ ഞാനറിഞ്ഞത്. ക്വാളിറ്റി അഥവാ ഗുണത്തെ അനുഭവിക്കാന്‍ മാത്രമേ കഴിയുകയുള്ളു. ഗുണം പ്രകടമാക്കുമ്പോഴും ഗുണത്തെ പ്രത്യേകം ഉയര്‍ത്തിക്കാണിക്കുമ്പോഴും സംഭവിക്കുന്നത് ഗുണശോഷണമാണ്. എന്നുവെച്ചാല്‍ ദോഷം. സുഹൃത്തിന്റെ അമ്മയെ ഞാന്‍ അറിയണമെങ്കില്‍ ആ അമ്മ ഒരു സവിശേഷഗുണമായി സുഹൃത്തിലൂടെ എന്നിലെത്തി. എന്റെ സുഹൃത്തിന്റെയും സുഹൃത്തിന്റെ അമ്മയുടെയും രൂപത്തെ മാറ്റി നിര്‍ത്തി നോക്കിയാല്‍ അറിയാന്‍ കഴിയുന്നത് സ്വതന്ത്രമായ ഗുണം മാത്രമാണ്. ആ ഗുണമാണ് എന്നില്‍ സുഖത്തെ പ്രദാനം ചെയ്തത്. ആ സുഖത്തെയാണ് എന്റെ അറിവില്‍ ഞാന്‍ സ്നേഹമായി തിരിച്ചറിയുന്നത്. അത് സുഹൃത്തില്‍ ഉണ്ടായത് എന്നിലേക്ക് തന്നു. ഞാന്‍ തന്നത് സ്വീകരിച്ചു. ഉള്ളതു മാത്രമേ ഒരാള്‍ക്ക് കൊടുക്കാന്‍ പറ്റുകയുളളു. ഈ ഗുണം എന്റെ ഇടപാടുകളില്‍ ഞാന്‍ പുലര്‍ത്തുമ്പോള്‍ എനിക്കു സുഖം. ഞാനുമായി ഇടപഴകുന്നവര്‍ക്കും സുഖം. എന്റെ വനിതാസുഹൃത്തിലൂടെ ഞാനറിഞ്ഞത് സ്ത്രൈണ ഗുണം തന്നെ. 

ഒരു കൈക്കുഞ്ഞിനെ കാണുമ്പോള്‍ പൊതുവില്‍ സ്ത്രീകളുടെ ശരീരഭാഷയും മുഖവും മാറുന്നത് ഇപ്പോഴും കൗതുകപൂര്‍വ്വം ഞാന്‍ നോക്കിനില്‍ക്കാറുണ്ട്. ഒരു കുഞ്ഞും ഒരു സ്ത്രീക്കും അന്യമല്ലാത്തതു പോലെ. ആ ഭാവത്തില്‍ കുഞ്ഞുമായി എനിക്ക് ഇടപഴകാന്‍ കഴിയുമോ? വളരെ പണ്ടുമുതലേ അന്വേഷിക്കുന്ന കാര്യമായിരുന്നു. ഒരിക്കലും സ്്തീയുടെ ശരീരഭാഷ മിമിക്രി കാണിച്ചതുകൊണ്ട് അത് സാധ്യമല്ല. എനിക്ക് സുഖകരമായ രീതിയില്‍ കുഞ്ഞിനെ സുഖിപ്പിക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കൗതുകം യഥാര്‍ത്ഥത്തില്‍ വന്നുകഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ആണുങ്ങളുടെയടുത്തും അകല്‍ച്ചയില്ലാതെ പ്രതികരിക്കുമെന്ന് ബോധ്യമായി വരുന്നുണ്ട്. പൂര്‍ണ്ണമായി വിജയിച്ചിട്ടില്ലെങ്കിലും. എന്നാല്‍ എന്റെ സുഹൃത്തിന് തന്റെ ബോസ്സുമായി ഇടപഴകുമ്പോള്‍ ഈ സ്ത്രൈണഗുണം അപ്രത്യക്ഷമാകുന്നു. മൂപ്പത്യാരുടെ ജീവിതത്തിന്റെ കൂടുതല്‍ സമയവും അശകൊശയാകുന്നു.

ഈ സ്ത്രൈണഗുണത്തെ പരമാവധി അകറ്റി ഒരു ആണ്‍ഗുണ്ടയുടെ അല്ലെങ്കില്‍ ഒരാണ്‍ കുറ്റവാളിയുടെ ഭാവത്തിലേക്ക് സ്ത്രീ പരിണമിക്കുന്നതിനെ വര്‍ത്തമാനകാലസാഹചര്യത്തില്‍ സ്ത്രീ ശാക്തീകരണമായി കാണുന്നില്ലേ എന്നു ചോദിച്ചാല്‍ ഉത്തരം മറിച്ചാകാനിടയില്ല. ആണുങ്ങള്‍ ഏര്‍പ്പെട്ടിരുന്ന ഏതെങ്കിലും ഗുണ്ടാപ്രവര്‍ത്തിനത്തില്‍ സ്ത്രീ ഏര്‍പ്പെട്ടാല്‍ ആ സ്ത്രീ നൊടിയിടയില്‍ വാഴ്ത്തപ്പെടുന്നു. പത്രങ്ങളില്‍ ഫുള്‍പ്പേജ് ഫീച്ചര്‍. ചാനലുകളില്‍ താരപദവിയോടെ ചര്‍ച്ച. ഇതെല്ലാം ഇപ്പോഴും നിശ്ചയിക്കുന്നത് ഈ മാധ്യമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആണുങ്ങള്‍. ആണുങ്ങളുടെ സങ്കല്‍പ്പത്തിലുള്ള പേശീബലമാണ് ശക്തിയെന്ന തോന്നല്‍ വളരെ അനായാസകരം സ്ത്രീകളെക്കൊണ്ട് ആവേശത്തോടെ ഏറ്റുവാങ്ങിപ്പിക്കുന്നു. ഈ സ്ത്രീശാക്തീകരണത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ മാധ്യമങ്ങളില്‍ മാത്രമല്ല, ജയിലുകളില്‍ വര്‍ധിച്ചുവരുന്ന സ്ത്രീത്തടവുകാരുടെ എണ്ണത്തിലൂടെയും പ്രകടമാണ്. ജയിലില്‍ കിടക്കുന്ന ഓരോ സ്ത്രീകുറ്റവാളിയുടെയും ചരിത്രം ചികഞ്ഞുനോക്കിയാല്‍ അനായാസം കാണാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്. ഏതോ പേടിത്തൊണ്ടന്മാരായ ആണുങ്ങളുടെ കുബുദ്ധിയാല്‍ കബളിക്കപ്പെട്ടവര്‍. ഇതില്‍ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ഭേദമില്ലാതെ പെട്ടു പോകുന്നു. രണ്ടും മൂന്നും മക്കളെവരെ കാമുകനു വേണ്ടി കൊന്നിട്ട് ജയിലിലേക്കു പോകുന്ന സ്ത്രീകള്‍ പെരുകുന്നു. ഒരു ആണ്‍കുറ്റവാളിയുടെ സാമൂഹ്യമനസ്സിനു പുറമേ ഒന്നിലധികം ആണുങ്ങളാല്‍ ഈ സ്ത്രീകള്‍ വഞ്ചിക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു.

സ്ത്രൈണ ഗുണവും സൈത്രണ ഭാവവും. സ്ത്രൈണ ഗുണം മനുഷ്യഗുണത്തിന്റെ പ്രകടനം തന്നെയാണ്. അത് നൈസര്‍ഗികമായി പ്രകൃതി സ്ത്രീയില്‍ നിക്ഷേപിച്ചിരിക്കുന്നു. ഈ നൈസര്‍ഗിക മനുഷ്യഗുണത്തെ ബോധപൂര്‍വ്വം അമര്‍ത്തി ആണ്‍ശീലങ്ങളെ സ്വായത്തമാക്കുന്നതാണ് എന്തു തന്നെ താത്വികവിശകലനങ്ങള്‍ നികത്തിയാലും വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്ത്രീവിമോചനവും സ്ത്രീശാക്തീകരണവുമായി മാധ്യമങ്ങളും സ്ത്രീകളും ധരിച്ചുവശായിരിക്കുന്നത്. എന്റെ സുഹൃത്ത് ഞാനുമായി സംസാരിക്കുമ്പോള്‍ അവരുടെ സ്ത്രൈണവികാരം ഭാവത്തിലൂടെ എന്നില്‍ അതേ പടി ഉണര്‍ത്തുന്നു. പുറത്ത് ' അ' എന്ന അക്ഷരം കാണുമ്പോള്‍ ആ അക്ഷരം രൂപ-ശബ്ദരൂപത്തില്‍ എന്നില്‍ ഉണരുന്നത് അല്ലെങ്കില്‍ ആ ശബ്ദം കേള്‍ക്കുമ്പോള്‍ ആ ശബ്ദം ശബ്ദമായും രൂപമായും എങ്ങനെയാണോ എന്റെയുള്ളില്‍ തെളിയുന്നത് അതുപോലെയാണ് ആ സ്ത്രൈണവികാരം എന്നിലുയരുന്നത്. '' എന്നോടു സ്നേഹം പുലര്‍ത്തിക്കൊണ്ട് എഴുതുമ്പോള്‍ എവിടെയാണ് താങ്കള്‍ സ്വാതന്ത്ര്യമില്ലായ്മ'' അനുഭവിക്കുന്നത് എന്ന ഒറ്റ ചോദ്യത്തിലൂടെ ഞാന്‍ ഈ വിഷയം എഴുതുമ്പോഴുണ്ടാകുമെന്ന് കരുതിയ ചെറിയ തടസ്സം അനായാസം അപ്രത്യക്ഷമാവുകയായിരുന്നു. എന്റെയുളളില്‍ എന്റെ സുഖത്തിന്റെ ഒഴുക്കിന് കരടു പോലെ അവശേഷിച്ചിരുന്ന ആ സംഗതി മാറിക്കിട്ടുകയായിരുന്നു.

എന്റെ സുഹൃത്തിന് എന്നോടു തോന്നുന്ന ആ സ്നേഹം നൈസര്‍ഗ്ഗികമായി വന്നതാണ്. എന്നാല്‍ എന്നില്‍ എന്റെ ശ്രമം കൊണ്ട് മാത്രമേ ആ അവസ്ഥയിലേക്ക് എത്താന്‍ കഴിയുന്നുള്ളു. കഴിയുന്നു എന്നുള്ളത് എനിക്ക് സുഖം തരുന്നു. എന്നില്‍ സുഖം ഉണ്ടെങ്കില്‍ മാത്രമേ അത് മറ്റൊരാളുമായി എനിക്ക് പങ്ക് വയ്ക്കാന്‍ കഴിയുകയുളളു. എന്റെ സുഹൃത്ത് നല്ല സംഘട്ടനത്തിലാണ്. അതൊരു വസ്തുത. ബോസ്സിന്റെ കാര്യം ആലോചിക്കുന്ന നിമിഷം സുഹൃത്തിന്റെ ഉള്ളില്‍ നിന്നും സ്നേഹം അകലുന്നു. ആ സ്ഥാനത്ത് ദേഷ്യവും ദേഷ്യം അടക്കുമ്പോഴുണ്ടാകുന്ന എരിപിരിയും. ആ എരിപിരിയില്‍ നിസ്സാഹയത. കാല്‍ നൂറ്റാണ്ടിനു മുന്‍പ് ഈ എരിപിരിയില്‍ നിന്ന് ഉരുത്തുരിയുന്ന അസിഷ്ണുതയാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലേക്ക് പ്രവഹിപ്പിച്ചത്. ഇന്ന് അത്തരം റിപ്പോര്‍ട്ടുകളുടെ അതിപ്രസരം. ഓരോ റിപ്പോര്‍ട്ട് തയ്യാറാക്കുന്നവരും കരുതുന്നത് താന്‍ അഴിമതിക്കെതിരെ പോരാടുകയാണ് എന്നാണ്. അഴിമതിക്കെതിരെ പോരാടുന്നതാണ് നീതിയുക്തവും സ്വീകാര്യവുമായ സമീപനം എന്ന ധാരണയില്‍ നിന്നാണ് ഈ പോരാട്ടം. യഥാര്‍ത്ഥത്തില്‍ പോരാട്ടം അല്ലെങ്കില്‍ താന്‍ മോശക്കാരാണെന്നു തിരിച്ചറിയുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന ഹിംസാത്മകതയാണ് അതിലൂടെ സംതൃപ്തമാകുന്നത്. അങ്ങനെ ഓരോ തവണയും ഹിംസാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വഴി ഹിംസാത്മകത ആരോഗ്യം വച്ച് നല്ല സിക്സ് പാക്കും എയിറ്റ്പാക്കുമൊക്കെ ആയി മാറുന്നു.

സംഘട്ടനം അനുഭവിക്കുന്ന ഏതു വ്യക്തിയിലും സംഭവിക്കുന്നത് ഈ ഹിംസാത്മകതയുടെ ത്വരയാണ്. അത് ആദ്യം മനസ്സിലും പിന്നെ വാക്കിലും അതു കഴിഞ്ഞ് ശാരീരികമായുും പ്രകടമാകുന്നു. എന്നുവെച്ചാല്‍ യുദ്ധം. ആക്ടിവിസ്റ്റുകളിലും പ്രവര്‍ത്തിക്കുന്നത് ഈ സംഗതി തന്നെ. അവര്‍ തങ്ങളുടെ ഈ വൈകാരികതയ്ക്ക ചിറകായി ഉദാത്തമായ ഏതെങ്കിലും പൊതുവിഷയത്തെ നിവര്‍ത്തിപ്പിടിക്കുന്നു എന്നു മാത്രം. അതു ചിലപ്പോള്‍ പരിസ്ഥിതിയാകാം, സ്ത്രീവിമോചനമാകാം, കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരിയാകാം. അങ്ങനെ നീളുന്നു ആ പട്ടിക. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത്തരം ആക്ടിവിസം ഒരുപരിധിവരെ അനിവാര്യമായി വരുന്നു എന്നുള്ളതും വിസ്മരിച്ചുകൂടാ. ഇത്തരം ആക്ടിവിസം മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ആക്ടിവിസ്റ്റുകളുടെ ഭാഗത്തുനിന്നും വരുന്നു എന്നതിനാല്‍ അതിന്റെ ചില താല്‍ക്കാലിക ഗുണങ്ങള്‍ ഇല്ലാതില്ല. പക്ഷേ ഇത്തരം ആക്ടിവിസം കൂടുന്നതിനനുസരിച്ച് എന്തിനെതിരെയാണോ ഈ വിധം പോരാടുന്നത് അത് പതിന്‍മടങ്ങോ നൂറുകണക്കിനോ വര്‍ധിക്കുക തന്നെ ചെയ്യും. അതിനുദാഹരണവും കേരളം തന്നെ. ഈ എതിര്‍പോരാട്ടങ്ങള്‍ ഫലം കാണുന്നവയായിരുന്നുവെങ്കില്‍ ഇന്ന് കേരളം സ്ത്രീപീഡനമോ, പരിസ്ഥിതി നാശമോ, കുട്ടികള്‍ക്കെതിരെയുള്ള പീഡനമോ ഒക്കെ ഏറ്റവും കുറവുള്ള ഇടമായി മാറുമായിരുന്നു. സാമൂഹ്യമാധ്യമങ്ങളുടെ സാന്നിദ്ധ്യവും കൂടി വന്നതോടെ ഈ എതിര്‍ യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതനുസരിച്ച് എന്തിനൊക്കെയെതിരെയാണോ പോരാടുന്നത് അത് വര്‍ധിച്ച് അതിന്റെ മൂര്‍ധന്യത്തിലെത്തിയ അവസ്ഥ.

എന്റെ സുഹൃത്തും ഈ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്. പക്ഷേ പ്രത്യക്ഷത്തിലോ പ്രകടമായോ അതിനു പറ്റുന്നില്ല. കാരണം ഔദ്യോഗികസംവിധാനത്തിലായതു കാരണം. അതിനവര്‍ കൊടുക്കുന്ന വില വളരെ വലുതാണ്. മാനസികമായും ശാരീരികമായും അവര്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. എന്റെ സുഹൃത്തിനെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ? പറ്റില്ല. കാരണം സുഹൃത്ത് കടന്നുപോകുന്ന അവസ്ഥയതാണ്. കുറ്റപ്പെടുത്തല്‍ കൊണ്ട് ആരിലെങ്കിലും ഗുണപരാമയ മാറ്റം ഉണ്ടായിട്ടുള്ളതായി എന്റെയനുഭവത്തില്‍ നേരിട്ടും അല്ലാതെയും അറിവുമില്ല. കുറ്റപ്പെടുത്തിയാലുള്ള അവസ്ഥയും കൂടി കാണുന്നത് നല്ലതാണ്. ഇപ്പോള്‍ തന്നെ വല്ലാതെ എരിപിരി കൊള്ളുന്ന അവസ്ഥ. കൂട്ടത്തില്‍ തന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ അനുഭവിക്കേണ്ടിവരുന്നതെന്ന് കുറ്റപ്പെടുത്തിയാല്‍ ആ വേദനയോടൊപ്പം താന്‍ മോശക്കാരിയാണ് എന്ന തോന്നലും കൂടി പേറേണ്ടി വരും. അപ്പോള്‍ താന്‍ മോശക്കാരിയല്ലെന്ന് സ്വയം ബോധിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതയാകും. താന്‍ അനുഭവിക്കുന്നത് തന്റെ കുഴപ്പം കൊണ്ടല്ല, ബോസ്സിന്റെ കുഴപ്പം കൊണ്ടാണ് എന്ന് സ്ഥാപിക്കാന്‍ അവര്‍ കഷ്ടപ്പെടേണ്ടി വരും. അതിലവര്‍ വിജയിക്കാന്‍ ഇടയില്ല. കാരണം ഇവരെ കുറ്റപ്പെടുത്തുന്നവര്‍ തങ്ങള്‍ കണ്ട ശരിയുടെ അടിസ്ഥാനത്തിലാണ് കുറ്റപ്പെടുത്തിയത്. അവര്‍ സുഹൃത്തിന്റെ വാദമുഖങ്ങള്‍ സ്വീകരിക്കുന്ന പക്ഷം തങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കേണ്ടി വരും. തങ്ങള്‍ ശരിയല്ല എന്ന് സ്വയം അംഗീകരിച്ചുകൊണ്ട് സുഹൃത്തിന്റെ വാദഗതികളെ കുറ്റപ്പെടുത്തിയവര്‍ സ്വീകരിക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഒന്നിലധികം സംഘട്ടനങ്ങള്‍ ഈ സുഹൃത്ത് നേരിടേണ്ടിവരും. ഒന്ന്, ബോസ്സുമായിട്ടുള്ള പ്രശ്നം. രണ്ട് താനാണ് കുഴപ്പക്കാരിയെന്ന വേണ്ടപ്പെട്ടവ രുടെ കുറ്റപ്പെടുത്തല്‍. താനല്ല കുറ്റക്കാരിയെന്ന് സ്ഥാപിക്കാനുള്ള ശ്രമം. അത് വിജയിച്ചില്ലെങ്കില്‍ പരാജിതയുടെ ബോധം, തന്നെ വേണ്ടപ്പെട്ടവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നുള്ള തോന്നല്‍. ഈ ചിന്തകളും അവയ്ക്ക് അകടമ്പടിയാകുന്ന വികാരങ്ങളും, ആ വികാരങ്ങളില്‍ നിന്നുണ്ടാകുന്ന ചിന്തകളും ആ ചിന്തകള്‍ സൃഷ്ടിക്കുന്ന വികാരങ്ങളും എന്നിങ്ങനെ ഒരു ദൂഷിതവലയത്തില്‍ അവര്‍ അകടപ്പെടും.

ഇവ്വിധ സംഘട്ടനങ്ങളിലൂടെ എന്റെ സുഹൃത്ത് ഇപ്പോള്‍ കടന്നു പോകുന്നുണ്ട്. എന്നിരുന്നാലും അതിനിടയില്‍ സുഹൃത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ ഘടകം, തനിക്ക് ഇതില്‍ നിന്നും പുറത്തുകടക്കണമെന്ന ഉത്കടമായ ആഗ്രഹം അടിത്തട്ടില്‍ അവശേഷിക്കുന്നു. തെളിഞ്ഞുവന്നിട്ടില്ലെങ്കിലും തന്നെ മാനേജ് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നുള്ള തോന്നല്‍ തന്നെയാണ് ഫാ.ബോബിജോസിനെ കാണണമെന്ന് എന്നോട് ആവശ്യപ്പെടാനും കാരണം. ഈ സുഹൃത്തില്‍ പണ്ട് നന്നായി മുന്നിട്ടു നിന്നിരുന്ന നേതൃത്വ പാടവം തന്നെയാകണം അങ്ങനെ തോന്നിപ്പിക്കാനും കാരണമായത്. പക്ഷേ എന്റെ സുഹൃത്തിനും നേതൃത്വപാടവം എന്ന സംജ്ഞ കേള്‍ക്കുമ്പോള്‍ മറ്റുള്ളവരെ നിയന്ത്രിക്കുന്ന വിധത്തിലുള്ള ചുറ്റുപാടുകളിലെ ആണ്‍ നേതാക്കളുടെ രീതിശാസ്ത്രം സ്വാധീനിച്ചിട്ടില്ലേ എന്ന എന്റെ സംശയം അസ്ഥാനത്താകില്ലെന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ഈ സുഹൃത്തിലെ ആണ്‍നേതാവല്ലേ തന്റെ ബോസ്സിനെ നേരിടുന്നത് എന്ന് എനിക്കുള്ള തോന്നല്‍ തെറ്റാനിടയില്ല. എന്നുവെച്ചാല്‍ രണ്ടാണുങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. എന്റെ സഹൃത്ത് വളരെ ദൂരെയായതിനാലാണ് ധൈര്യപൂര്‍വ്വം ഇതെഴുതിയത്. അല്ലെങ്കില്‍ ശാരീരിക ആക്രമണം ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. അങ്ങനെ ഞാന്‍ ആക്രമിക്കപ്പെടാനുള്ള സാഹചര്യവും ഞങ്ങള്‍ തമ്മിലുള്ള സ്വാതന്ത്ര്യത്തിന്റെ ബാന്‍ഡ വിഡ്ത്തുകൊണ്ടല്ലേ എന്നോര്‍ക്കുമ്പോള്‍ സുഖവും തോന്നുന്നു. രണ്ടായാലും കരുതിയിരിക്കാം. ആരോഗ്യത്തിനു നല്ലത് അതു തന്നെ.

Tags: