സിബി മാത്യൂസും ചൈനീസ് മോഡല്‍ വെടിവെയ്പും

Thu, 26-12-2013 04:13:00 PM ;

sibi mathewsവിജിലന്‍സ്‌ കൂട്ടിലടച്ച തത്തയാണെന്നും അഴിമതിക്കാരെ ചൈനയിലെപ്പോലെ വെടിവെച്ച് കൊല്ലുകയുമാണ് വേണ്ടതെന്ന് മുന്‍ അഡീഷണല്‍ ഡി.ജി.പിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായ സിബി മാത്യൂസ് അഭിപ്രായപ്പെട്ടിരിക്കുന്നു. തലസ്ഥാനത്ത് കനകക്കുന്നില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറിലാണ് സിബി മാത്യൂസ് ഇങ്ങനെ പറഞ്ഞത്. അമ്പതുവര്‍ഷമായിട്ടും വിജിലന്‍സിന് നിയമപരിരക്ഷ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സര്‍ക്കാറിന് ആഗ്രഹവുമില്ല. ഇത് രാഷ്ട്രീയക്കാര്‍ക്ക് ഗുണകരവുമാണ്. രാഷ്ട്രീയക്കാരുടെ താത്പര്യത്തിനനുസരിച്ചാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും സിബി മാത്യൂസ് പറയുകയുണ്ടായി.

 

അഴിമതിരഹിതവും സംശുദ്ധവുമായ ഔദ്യോകിക ചരിത്രം ഉണ്ടെന്ന് ജനങ്ങള്‍ കരുതുന്ന മുന്‍ ഉദ്യോഗസ്ഥനാണ് സിബി മാത്യൂസ്. വിജിലന്‍സിന്റെ ഉള്‍പ്പെടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം പറയുന്നത് ജനങ്ങള്‍ മുഖവിലക്ക് എടുക്കും. കാരണം, അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വിശ്വാസ്യത കല്‍പ്പിക്കപ്പെടുന്നു. പ്രത്യക്ഷത്തില്‍ അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍ സ്വാഗതാര്‍ഹമാണ്. അതേപോലെ വര്‍ത്തമാന സാഹചര്യത്തില്‍ അഴിമതിക്കെതിരെ, വിശേഷിച്ചും രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെ, രോഷം പൂണ്ടു നില്‍ക്കുന്ന ശരാശരി ജനങ്ങളുടെ കോപാഗ്നിക്ക് ഇത് ശമനവും നല്‍കുന്നു. ചൈനയിലെപ്പോലെ വെടിവെച്ച് കൊല്ലണമെന്നാണ് അദ്ദേഹം പറയുന്നത്.

 

വിജിലന്‍സ് ഉള്‍പ്പെടെയുള്ള വകുപ്പിന്റെ ചുമതല വഹിച്ച്, പോലീസ് സംവിധാനത്തിന്റെ നേതൃഭാഗമായി തുടര്‍ന്ന്‍ സര്‍വീസില്‍ നിന്നു വിരമിച്ചശേഷമാണ് സിബി മാത്യൂസ് സര്‍ക്കാരിന്റെ തന്നെ സ്വതന്ത്ര സംവിധാനമായ വിവരാവകാശ കമ്മിഷണറായി നിയമിക്കപ്പെട്ടത്. സര്‍വീസില്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹം പറയാതിരുന്നത് ഇപ്പോള്‍ പറയുന്നു. സര്‍വീസില്‍ നിന്നും വിരമിച്ചതിനുശേഷം ലഭിച്ച ആനുകൂല്യ നിയമനമാണ് വിവരാവകാശ കമ്മിഷണര്‍ സ്ഥാനം. അത് സ്വതന്ത്രമായതിനാലാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞത്. അച്ചടക്കത്തിന്റെ പേരിലാണെങ്കിലും സര്‍വീസില്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന് അഴിമതി കണ്ട് കണ്ണടക്കേണ്ടിയും കണ്ടില്ലെന്നു നടിക്കേണ്ടിയുമൊക്കെ വന്നിട്ടുണ്ട് എന്നുള്ള വസ്തുതയുടെ പ്രഖ്യാപനം കൂടിയാണ് വിജിലന്‍സ്‌ കൂട്ടിലടച്ച തത്തയാണെന്ന് പറയാന്‍ കാരണം. ഇപ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനം തനിക്ക് വ്യക്തിപരമായി ദോഷം ഉണ്ടാക്കില്ല എന്ന്‍ അദ്ദേഹത്തിനറിയാം. ഒപ്പം മേന്മയും. അഴിമതിരഹിതനെന്ന തന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുകയും ചെയ്യുമെന്ന് ഉദ്ദേശിക്കുന്നുണ്ടാകാം. സര്‍ക്കാരിലിരുന്ന കാലത്ത് അടക്കിപ്പിടിച്ചിരുന്ന അമര്‍ഷം പുറത്തു വിട്ടതുമാകാം. വിദ്യാഭാസം, പദവികള്‍, അനുഭവം, പ്രായം എന്നിവയുടെ പ്രതിഫലനം സിബി മാത്യൂസിനെപ്പോലെയുള്ള ഒരു വ്യക്തിയുടെ വാക്കുകളിലും പ്രവൃത്തികളിലും ഉണ്ടാകേണ്ടതാണ്. കാരണം വിശ്വാസ്യതയുടെ പിന്‍ബലത്തില്‍ ജനമധ്യത്തില്‍ ആ വാക്കുകള്‍ക്കുള്ള സ്വാധീനം അത്രയ്ക്കാണ്. ഇത്തരം അഭിപ്രായപ്രകടനങ്ങളെ ശരാശരി ജനം ധീരതയുടെ പ്രകടനമായി കാണും. യഥാര്‍ത്ഥത്തില്‍ സിബി മാത്യൂസ്‌ എന്ന വ്യക്തിയുടെ വ്യക്തിപരമായ ഭീരുത്വത്തിന്റെ പ്രകടനമാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരെ വെടിവച്ചു കൊല്ലണമെന്ന് ഇപ്പോള്‍ പറയിക്കുന്നത്. ശരാശരി മനുഷ്യന്റെ യുക്തിക്ക് നിരക്കുന്നതാണ്‌ അത്. എന്നാല്‍ സിബി മാത്യൂസ്‌ ജനക്കൂട്ടത്തിലെ വെറുമൊരു ശരാശരി മനുഷ്യനല്ല. സമൂഹത്തിലെ അവസ്ഥയുടെ പ്രതിഫലനമാണ് അഴിമതി. നേതൃത്വസ്വഭാവമുള്ളവര്‍ അതിനെ സാമൂഹികമായാണ് കാണേണ്ടത്. രാഷ്ട്രീയക്കാരുടെ മേല്‍ മാത്രം അതിന്റെ കുറ്റം ചുമത്തുന്നത് ശരാശരി ജനങ്ങളെ ഉത്തരവാദിത്തമില്ലയ്മയിലേക്കും ഭീരുത്വത്തിന്റെ ഫലമായുണ്ടാകുന്ന അക്രമങ്ങളിലേക്കും നയിക്കും. 'ഞാന്‍ മാത്രം നീതിമാന്‍; മറ്റുള്ളവര്‍ മോശക്കാര്‍' എന്ന സാമൂഹിക ചിന്ത വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ അപകടകരമാണ്. ഇതാണ് അക്രമത്തിനുള്ള വളക്കൂറ്.

 

ചൈനയെ മാതൃകയാക്കുമ്പോള്‍ അദ്ദേഹം വിസ്മരിച്ച ഒരു ഘടകമുണ്ട്. ചൈനയിലായിരുന്നെങ്കില്‍ സിബി മാത്യൂസ്‌ വേദി വിട്ടിറങ്ങുന്നതിനു മുന്‍പ് തടവിലാക്കപ്പെടുകയും ഒരുപക്ഷെ പിന്നീട് വധശിക്ഷ തന്നെ നേരിടേണ്ടി വരികയും ചെയ്യുമായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിന്റെ തലപ്പത്ത് നിന്നുകൊണ്ട് തന്നെ നിര്‍ഭയത്വത്തോടെ സിബി മാത്യൂസിന് ഇത്തരത്തില്‍ പ്രസ്താവിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ ശക്തിയും സ്വതന്ത്രഭാവവും സര്‍ഗാത്മകതയുമാണ്. അത് അനുനിമിഷം ജീര്‍ണ്ണിക്കുകയും വെല്ലുവിളി നേരിടുകയും ചെയ്യുന്നു എന്നത് വാസ്തവമാണ്. ജീര്‍ണ്ണതയുടെ ആക്കം കൂട്ടുന്നതിനുള്ള സാമൂഹികതയുടെ ഇടപെടലുകളല്ല വേണ്ടത്. പൊതുവേദികള്‍ സാമൂഹികമായ സംയുക്ത ചിന്തകള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടേണ്ടതാണ്. അവിടെയാണ് വേദികളില്‍ പ്രത്യക്ഷപ്പെടുന്നവരുടെ പക്വതയും സാമൂഹിക കാഴ്ചപ്പാടും പ്രസക്തമാകുന്നത്. സിബി മാത്യൂസില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതാണ്‌.

 

Tags: